05:06pm 03 September 2026
NEWS
​ഗണേഷ് കുമാറിന്റെ പടംവെച്ച ഫ്ലക്സ് നല്ലതാണ്, പക്ഷേ ഇവിടെ വേണ്ട!
02/06/2025  06:34 AM IST
nila
​ഗണേഷ് കുമാറിന്റെ പടംവെച്ച ഫ്ലക്സ് നല്ലതാണ്, പക്ഷേ ഇവിടെ വേണ്ട!

നിലമ്പൂരിലെ എൽഡിഎഫ് കൺവെൻഷന്റെ ഉദ്ഘാടന വേദിക്ക് മുന്നിൽ കെ ബി ​ഗണേഷ് കുമാറിന്റെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിലുള്ള അനിഷ്ടം മറച്ചുവെക്കാതെ മുഖ്യമന്ത്രി. ഇന്നലെ നിലമ്പൂരിൽ എൽഡിഎഫ് കൺവെൻഷൻ ഉ​ദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ചത്. എൽഡിഎഫ് കൺവെൻഷൻ നടക്കുന്ന വേദിക്കു മുന്നിൽ കേരള കോൺ​ഗ്രസ്(ബി) സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ സ്ഥാനാർത്ഥി എം സ്വരാജിന്റെയും ​ഗതാ​ഗത വകുപ്പ് മന്ത്രിയും കേരള കോൺ​ഗ്രസ്(ബി) ചെയർമാനുമായ കെ ബി ​ഗണേഷ്കുമാറിന്റെയും ചിത്രമാണ് ഉണ്ടായിിരുന്നത്. നിലമ്പൂരിന്റെ വികസനം തുടരുമെന്ന് പ്രിന്റ് ചെയ്ത ഫ്ലക്സിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നവും ഉണ്ടായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ചിത്രം ഫ്ലക്സിൽ ഉണ്ടായിരുന്നുമില്ല. 

ഫ്ലക്സ് ബോർഡ് എന്ന് എടുത്ത് പറയാതെയായിരുന്നു പിണറായി വിജയന്റെ വിമർശനം. കക്ഷിയുടെ ചിഹ്നം മുന്നണിയുടേതല്ല എന്ന ന്യായം പറഞ്ഞാണ് മുഖ്യമന്ത്രി ഫ്ലക്സ് ബോർഡിനെ വിമർശിച്ചത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നണിയുടെ പൊതു അടയാളങ്ങൾ ഉപയോഗിക്കണമെന്നും പിണറായി നിർദേശിച്ചു. 

‘‘ഇതിനിടയ്ക്ക് ഞാനൊരു കാര്യം പറയാം. ഈ പരിപാടി എൽഡിഎഫിന്റെ പരിപാടിയാണ്. എൽഡിഎഫിന്റെ പരിപാടി ആകുമ്പോൾ എൽഡിഎഫിന്റെ ഘടകക്ഷികൾ അവർ സാധാരണ ഉപയോഗിക്കുന്ന പതാകകൾ ഉണ്ടാകും, അത് സ്വാഭാവികം. അവരവരുേടതായ മറ്റ് ചില അടയാളങ്ങളും ഉപയോഗിച്ചുവെന്ന് വരും. അത് ആ കക്ഷിയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. അത് എൽഡിഎഫിന്റെ പൊതുവായിട്ടുള്ളതല്ല. എൽഡിഎഫിന്റെ പൊതുവായ അടയാളങ്ങൾ മാത്രമേ ഇതുപോലുള്ള പരിപാടികളിൽ ഉപയോഗിക്കാവൂ എന്നാണ് എനിക്ക് പൊതുവിൽ പറയാനുള്ളത്.’’– മുഖ്യമന്ത്രി പറഞ്ഞു.

ഒരു നല്ല കാര്യം കണ്ടതുകൊണ്ട് ഞാൻ പറഞ്ഞതാണ്. നല്ല കാര്യമാണെങ്കിലും വേറെ രീതിയിൽ വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ടാണ് എൽഡിഎഫിന്റെ പൊതു അടയാളങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കയ്യടിയോടെയാണ് സദസ്സ് ഇതിനെ സ്വീകരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img